ജ്യോതി
ബസു പരാജയപ്പെട്ടെന്ന് പറഞ്ഞാൽ ജനങ്ങൾ എങ്ങനെ വിശ്വസിക്കും; സ്വന്തം
അനുകാലിയായ സിദ്ധാർഥ ശങ്കര റേയോടു ഇന്ദിരാ ഗാന്ധി ചോദിച്ചതാണ്. ജനാധിപത്യ
ചരിത്രത്തിലെ ഉറങ്ങാത്ത മുറിവെന്നു രേഖപ്പെടുത്തിയ 1972-ലെ തിരഞ്ഞെടുപ്പ്
പ്രഹസനത്തിനു ശേഷമായിരുന്നു ഈ അഭിപ്രായം. ഇന്ദിരാ ഗാന്ധിയുടെ നിർദേശാനുസരണം
നടന്ന നിഷ്ടൂരമായ ജനാധിപത്യ കുരുതിയുടെ ബാക്കി പത്രമായിരുന്നു ജ്യോതി
ബസുവിന്റെ പരാജയം. ഇന്നത്തെ ബംഗാളിനെ ഓർമിപ്പിക്കുന്ന നാളുകളായിരുന്നു അത്.
വോട്ടവകാശം നിഷേധിക്കപ്പെട്ട് പോളിംഗ് ബൂത്തുകളിൽ നിന്ന്
ആട്ടിയോടിക്കപ്പെട്ടവർ ബൂത്ത് പിടുത്തം പട്ടാളത്തിന്റെ സഹായത്തോടെ നിർബാധം
നടക്കുന്നത് കണ്ട് പകച്ചു നിന്നവർ, പ്രതികരിച്ചവർക്ക് മരണം വിധിച്ചത് കണ്ടു
നടുങ്ങി നിന്നവർ… ഇതായിരുന്നു അന്നത്തെ ബംഗാൾ ജനത. അങ്ങനെ നടന്ന
തിരഞ്ഞെടുപ്പിലാണ് സ്ഥിരം മണ്ഡലമായ ബാരാനഗറിൽ ജ്യോതി ബസു ‘പരാജയപ്പെട്ടത്’.
തൊട്ടു മുൻപിലത്തെ തിരഞ്ഞെടുപ്പിൽ 113 സീറ്റ് നേടിയ സി.പി.എം-നു 13
സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരാജയം
അന്താരാഷ്‌ട്ര പഠന വിഷയം പോലുമായി. കുപ്രസിദ്ധമായ ആ ജനാധിപത്യ
കൂട്ടക്കുരുതിയുടെ കാർബണ്‍ പതിപ്പാണ് മമത ബാനർജിയുടെ നേതൃത്വത്തിൽ
നടന്നുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ്
ജനാധിപത്യ ചരിത്രത്തിലെ മറ്റൊരു ഉണങ്ങാത്ത മുറിവാണ്.
ജനാധിപത്യത്തിന്റെ ആരാച്ചാരുടെ വേഷവും
ഭാവവും മാറിയെങ്കിലും ഭാഷ പഴയത് തന്നെ. ബംഗാളിലെ ആവർത്തനങ്ങൾ ജനാധിപത്യം
എന്നാ വ്യവസ്ഥക്ക് വിനാശകരമാകുന്നു.വലതുപക്ഷ രാഷ്ട്രീയം താല്ക്കാലിക അധികാര
നേട്ടങ്ങൾക്കായി വികൃതമാക്കിയ ചരിത്രമായിരുന്നു ബംഗാളിന് ഉണ്ടായിരുന്നത്.
മൂന്നു പതിറ്റാണ്ട് പിന്നിട്ട ഇടതുഭരണം ഒരു മാറി നടക്കലായിരുന്നു. പകയുടെ
ഹിസ്റ്റീരിയയുമായി പക്വത നഷ്ടമായൊരു പൂർവ്വകാല വനിതാ നേതാവ്
കമ്മ്യൂണിസ്റ്റ് വെട്ടയ്ക്കിറങ്ങിയപ്പോൾ ഒപ്പം കൂടാൻ കോണ്ഗ്രസിനു
മടിയുണ്ടായില്ല. ദേശവിരുദ്ധ-തീവ്രവാദ-മത മൗലിക സംഘടനകളെ കൂട്ടിക്കെട്ടി
നടത്തിയ മസ്തിഷ്ക പ്രക്ഷാളനം ജനങ്ങളെ കമ്മ്യൂണിസ്റ്റ് വിരുദ്ധ
പാതയിലെത്തിച്ചു. തീർച്ചയായും അപായ സൂചനകൾ തിരിച്ചറിയുന്നതിൽ പറ്റിപ്പോയ
വീഴ്ചകൾ സ്വയം തിരുത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തീവ്ര യത്നം
നടത്തുമ്പോഴും ഭ്രാന്തമായ ആക്രമണപാതയിൽ ഭരണകൂടം പോർവിളി മുഴക്കുന്നു.
കോണ്‍ഗ്രസിനിപ്പോഴും പശ്ചാത്താപമുണ്ടെന്നതിനു തെളിവുകളില്ല. തദ്ദേശ
സ്വയംഭരണ തിരഞ്ഞെടുപ്പിൽ അവരും ഇരകളായിരുന്നല്ലോ. പഞാബിലെയും ആസാമിലെയും
തീവ്രവാദ ഭ്രാന്തിനെ തുടലൂരിവിട്ട കോൺഗ്രസ് യഥാർത്ഥത്തിൽ ചരിത്രത്തിനു
മുന്നിൽ തല കുമ്പിട്ടു നില്ക്കുന്നു
വംഗനാട്ടിൽ ഇപ്പോഴും ചോരയോഴുകുന്നു. കൊല
ചെയ്യപ്പെടുന്ന കമ്മ്യൂണിസ്റ്റുകൾ…പിച്ചി ചീന്തപ്പെടുന്ന ജനാധിപത്യം…പക്ഷെ
ചരിത്രം കമ്മ്യൂണിസ്റ്റുകൾക്ക് ഇന്ധനം തന്നെയാണ്. ബംഗാൾ മനസ്സിലിടം നേടി
മൂന്നര പതിറ്റാണ്ട് അധികാരമേറിയത് ഇതിനു സമാനമായ വേട്ടകളുടെ ഭൂതകാലം
പിന്നിട്ടിട്ടാണ്. കമ്മ്യൂണിസ്റ്റ്പാർട്ടി വേട്ടയാടപ്പെട്ടതിനു ചരിത്രം
സാക്ഷി. വീണുപോയ പോരാളികളും ഒഴുകിപ്പടർന്ന ചോര കടലുകളും തീക്ഷ്ണമായ
കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ നാമ്പ് നുള്ളുകയല്ല ചെയ്തത്. ഇഞ്ചോടിഞ്ചു
പൊരുതി കയറിയ ചരിത്രം തലമുറകളറിയേണ്ടതും ഊർജ്ജം ആവാഹിക്കേണ്ടതും കൂടിയാണ്.
സ്വതന്ത്ര ഇന്ത്യ പിറന്നതിനുശേഷം ആദ്യമായി
നിയമസഭ സമ്മേളിച്ചത് 1947 നവംബര് 21 നാണ്. അന്നുതന്നെ മുഖ്യമന്ത്രി
പ്രഫുലചന്ദ്രഖോഷ് ലാത്തിച്ചാർജ്ജും ടിയർ ഗ്യാസുമായാണ് ജനങ്ങളെ നേരിട്ടത്.
പശ്ചിമ ബംഗാൾ സെക്യൂരിറ്റി ലോ എന്നാ പൌരാവകാശ നിഷേധ നിയമം തലങ്ങും വിലങ്ങും
പ്രയോഗിച്ചു. പ്രതിഷേധിച്ചവരെ ജയിലിലടച്ചു. സൌമേന്ദ്രനാഥ ടാഗോറിനെ
ജയിലിലടച്ചപ്പോൾ നിയമസഭയിൽ ക്ഷുഭിതനായതിനു ജ്യോതിബസുവിനും
ജയിലിലിടമൊരുക്കി. 1953-ലെ തരാം യാത്രക്കൂലി വർദ്ധനവിനെതിരായ സമരം, 1954-ലെ
അദ്ധ്യാപക സമരം, 56-ലെ ബംഗാൾ, ബീഹാർ ലയന നീക്കതിനെതിരായ പ്രക്ഷോഭം, 59-ലെ
ഭക്ഷ്യസമരം… തിരയൊടുങ്ങാത്ത പോരാട്ടങ്ങൾ… ചൂഷണത്തിനും പീഡനതിനുമിരയാകുന്ന
ജനവിഭാഗങ്ങളെ അണിനിരത്തി മുന്നേറുന്ന വിപ്ലവ പാർട്ടിയുടെ പൊരുതലുകൾ
ജനങ്ങളിൽ പുതിയ ബോധത്തിന്റെ വെളിച്ചമേകി. നൽകേണ്ടിവന്നത് കടലോളം
ചോര..നഷ്ടമായത് എണ്ണിയാലൊടുങ്ങാത്ത ജീവിതങ്ങൾ അപ്പോഴും പതറാതെ ഇടറാതെ
പൊരുതിനിന്നു വംഗനാടിന്റെ കമ്മ്യൂണിസ്റ്റ് വീര്യം ക്രമേണ ക്രമേണ
തെരുവുകളിലെ സമര ജ്വാലകൾക്ക് നിയമ നിര്മ്മാണ സഭയിലംഗീകാരം
വർദ്ധിപ്പിക്കുന്നതിനിടയാക്കി. 57-ലെ തെരഞ്ഞെടുപ്പിൽ 28 സീറ്റുകളിൽ നിന്നും
46 സീറ്റുകളായി വർദ്ധിച്ചു. മുഖ്യമന്ത്രി ബി.സി. റോയിയുടെ മർദ്ധന ഭരണ
സംവിധാനത്തെ ചെറുത്ത് നിന്ന് ഭക്ഷ്യ സമരത്തിന് നേതൃത്വം നല്കി. 1962-ലെ
തെരഞ്ഞെടുപ്പിൽ 50 സീറ്റുകൾ നേടി.
ആ കാലഘട്ടം ഇൻഡോ ചൈന സംഘര്ഷം മൂർചിച കാലം
കൂടിയായിരുന്നു. കമ്മ്യൂണിസ്റ്റ് വേട്ടയ്ക്കായി ദേശീയ വികാരത്തിന്റെ
കുടനിവർത്തി വലതുപക്ഷം നിന്ന കാലം. ഒപ്പം ഭരണ വർഗ പ്രലോഭനങ്ങളാൽ ആടിയുലഞ്ഞ
കമ്മ്യൂണിസ്റ്റ് വേഷധാരികളും. വഞ്ചകർ, അഞ്ചാംപത്തികൾ, ദേശദ്രോഹികൾ,
പര്യായപദങ്ങളൊരുപാട് ചമച്ചു നൽകി പോരാളികളായ കമ്മ്യൂണിസ്റ്റ്കൾക്ക്.
അക്കാലത്ത് കൽക്കട്ട തെരുവുകളിലെ കടകളിൽ സുലഭമായി ലഭിച്ചിരുന്ന ഒരു
സാധനമുണ്ട്. ജ്യോതി ബസുവിന്റെ റെഡിമെയ്ഡു കോലങ്ങൾ.. ആർക്കു എപ്പോൾ
വേണമെങ്കിലും തീ കൊളുത്താനായി വച്ചിരുന്ന കോലങ്ങൾക്ക് വൻ
ഡിമാന്റായിരുന്നത്രേ. സൌമ്യനായ സൌമ്യൻ ടാഗോറെന്ന ബുദ്ധിജീവിപോലും ജ്യോതി
ബാസുവിനെതിരായി രംഗത്ത് വന്നു. അദ്ദേഹം പറഞ്ഞത് “ദേശീയതയുടെ അലയടികൾ
ചെറുക്കാൻ ആ കൊച്ചുമനുഷ്യന് കഴിഞ്ഞില്ലെന്നാണ്” 1967-ലെ തെരഞ്ഞെടുപ്പിൽ
കൊണ്ഗ്രെസ് 280 ൽ 127 സീറ്റ് നേടിയപ്പോൾ, പ്രതിപക്ഷം 133 സീറ്റുകൾ നേടി.
സി.പി.എം-നു 44 സീറ്റുകൾ. ബംഗ്ലാ കൊണ്ഗ്രെസ്സിലെ അജോയ് മുഖർജി
മുഖ്യമന്ത്രിയും ജ്യോതിബസു ഉപമുഖ്യമന്ത്രിയുമായി ഗവർന്മെന്റ് ഉണ്ടായി.
നിയമസഭ പിരിച്ചു വിട്ടതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ 280 സീറ്റിൽ 180
സീറ്റ് ഇടതുമുന്നണിക്ക്. അപ്പോഴും ഇടതുമുന്നണി കക്ഷികൾ സി.പി.ഐ (എം)-നു
മുഖ്യ മന്ത്രിപദം നൽകാൻ തയ്യാറായില്ല. കൊണ്ഗ്രെസ്സിനെതിരായ ജനവിധിയുടെ
സന്ദേശം നിരാകരിക്കാൻ കഴിയില്ലെന്നതിനാൽ സി.പി.ഐ(എം) അജോയ് മുഖർജിയെ
മുഖ്യമന്ത്രിയായി തീരുമാനിക്കുന്നതിന് തയ്യാറായി. 1970-ൽ അജോയ് മുഖർജി
കൊണ്ഗ്രെസ്സുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ
രാജിവച്ചു. ഏറ്റവും വലിയ പാർട്ടിയെന്ന നിലയിൽ മന്ത്രിസഭ ഉണ്ടാക്കാനുള്ള
സി.പി.എം വാദം ഗവർണർ നിരാകരിച്ചു. 1969 മെയ് ഒന്നിനാണ് കനുസന്ന്യാൽ നക്സൽ
ബാരി പ്രസ്ഥാനവുമായി സി.പി.എമ്മിന് എതിരായി രംഗത്ത് വരുന്നത്. സി.പി.എം
വേട്ട തങ്ങളുടെ മുഖ്യ അജണ്ടയായി അവർ പ്രഖ്യാപിച്ചു നടപ്പിലാക്കി. 1971
മാര്ച് 31-നു പാറ്റ്ന റെയിൽവേ സ്റ്റേഷനിലെത്തിയ ജ്യോതി ബസുവിന് നേർക്ക്
നിറയൊഴിച്ചു. വെടിയുണ്ട തുളച്ചുകയറിയത് ജ്യോതി ബസുവിനെ വീട്ടിലേക്കു
ക്ഷണിക്കാനെത്തിയ അലി ഇമാം എന്നാ എൽ.ഐ.സി. ജീവനക്കാരന്റെ നെഞ്ചിലായിരുന്നു.
ആനന്ദമാർഗി വിഭാഗത്തിൽ പെട്ടോരാളായിരുന്നു അക്രമി. ഒരു ഭാഗത്ത് നക്സലുകൾ,
മറുഭാഗത്ത് ആനന്ദമാർഗികൾ, പിന്തുണയ്ക്കാൻ കൊണ്ഗ്രെസ്സ്, സഹായത്തിനു
പോലീസും, സി.ആർ.പിയും പത്മ വ്യൂഹത്തിൽ പെടുത്തി ആക്രമിച്ചു സി.പി.എം-നെ
നിർവീര്യമാക്കാൻ ആസൂത്രിതമായും അല്ലാതെയുമുള്ള ശ്രമങ്ങളുടെ പരമ്പരകൾ.
1971-ൽ അക്രമ പരമ്പരകൾക്ക് നടുവിലൊരു
തെരഞ്ഞെടുപ്പു. 80 സീറ്റ് 113 ആയി വർദ്ധിപ്പിച്ചു. സി.പി.എം ഏറ്റവും വലിയ
ഒറ്റക്കക്ഷിയായി. മുൻ മുഖ്യമന്ത്രി അജോയ് മുഖർജിയെ ബാരാനഗർ മണ്ഡലത്തിൽ
ജ്യോതിബസു പരാജയപ്പെടുത്തി. മുഖ്യമന്ത്രിയാകാൻ അവകാശവാദമുന്നയിച്ച
സി.പി.എം-ന്റെ കത്ത് പരിഗണിക്കാനോ സന്ദർശനാനുമതി നൽകാൻ പോലുമോ ബംഗാൾ ഗവർണർ
തയ്യാറായില്ല. ഒടുവിൽ സംഭവിച്ചത് നിയമസഭയിൽ അഞ്ചു അംഗങ്ങൾ മാത്രമുള്ള
ബംഗ്ലാ കൊണ്ഗ്രെസ്സ് നേതാവായ പരാജിതനായ അജോയ് മുഖർജിയെ മുഖ്യമന്ത്രിയാക്കി
ജനാധിപത്യത്തെ പരിഹാസ്യമാക്കി ബംഗ്ലാ കൊണ്ഗ്രെസ്സ് ഏജന്റായ ഗവർണർ. മുഖ്യ
മന്ത്രിയായ ഉടൻ അജോയ് മുഖർജി ചെയ്തത് സി.പി.എം. യോഗങ്ങൾ നിരോധിക്കുകയാണ്.
ഇതിനിടയിലാണ് ഫോർവേഡ് ബ്ലോക്ക് നേതാവായ ഹേമന്ദ് ബസു കൊലചെയ്യപ്പെട്ടത്.
കൊലചെയ്യപ്പെട്ട് ആ നിമിഷം മുതൽ സി.പി.എം ആണ് കൊല നടത്തിയത് എന്ന്
കൊണ്ഗ്രെസ്സ് പ്രചരിപ്പിച്ചു. അടുത്തകാലത്ത് കേരളത്തിൽ കൊണ്ഗ്രെസ്സ്
നടത്തിയത് ഇത്തരത്തിലുള്ള പ്രചാരണമായിരുന്നു. ഒടുവിൽ കൊലപാതകിയെ
കണ്ടെത്തിയപ്പോൾ കൊണ്ഗ്രെസ്സിന്റെ മുഖം നഷ്ടമായി. പക്ഷെ അതിനിടയിൽ ഒട്ടേറെ
സി.പി.എം പ്രവർത്തകർ കൊല ചെയ്യപ്പെട്ടു. നിരവധി പേരെ ജയിലിൽ അടയ്ക്കുകയും
ചെയ്തു.
അജോയ് മുഖർജി ഗവണ്‍മെന്റിന് എതിരായി സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.
അജോയ് മുഖർജി പുറത്തായി. അപ്പോഴും മന്ത്രിസഭയുണ്ടാക്കാൻ സി.പി.എം-നെ
അനുവദിച്ചില്ല. രാഷ്ട്രപതി ഭരണത്തിൻ കീഴിലായി ബംഗാൾ വീണ്ടും.പിന്നീടാണ്
തുടക്കത്തിൽ സൂചിപ്പിച്ച 1972-ലെ കറുത്ത അദ്ധ്യായം അരങ്ങേറിയത്.
ജനാധിപത്യത്തെ കുരുതി ചെയ്ത കൊണ്ഗ്രെസ്സ് സർക്കാരിന് അധികം
ആയുസ്സുണ്ടായില്ല. 1977-ലെ തെരഞ്ഞെടുപ്പിൽ ബംഗാൾ നിഷ്പക്ഷമായ
വിധിയെഴുത്തിനൊരുങ്ങി. അടിയന്തിരാവസ്ഥയ്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ
കൊണ്ഗ്രെസ്സിനെറ്റ പ്രഹരമാണ് അതിനു കാരണമായത്. കൊണ്ഗ്രെസ്സ് കേവലം 20
സീറ്റുകളിലോതുങ്ങി അനിവാര്യമായ ജനഹിതത്തിനിരയായി. 1977 ജൂണ്‍ 21-നു
ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരമേറ്റു.
“രൈറ്റേർസ് ബിൽഡിങ്ങിൽ നിന്ന് മാത്രമല്ല
നാം പരിപാടികൾ നടപ്പാക്കുക ജന പിന്തുണയോടെ പാടങ്ങളിൽ നിന്നും ഫാക്ടറികളിൽ
നിന്നുമായിരിക്കും”…. ചരിത്രം മാറ്റിയെഴുതിയ ഇടതുഭരണം ഏതു
ദിശയിലായിരിക്കണമെന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം….
മൂന്നര പതിറ്റാണ്ട് പിന്നിട്ട കമ്മ്യൂണിസ്റ്റ് വിജയഗാഥ
തുടങ്ങിയതങ്ങിനെയാണ്.
No comments:
Post a Comment